പൂജയ്ക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി; ചാണകം ഇടുന്നത് 35 ദിവസം ശ്രദ്ധിച്ചു, ഒടുവില്‍ ശസ്ത്രക്രിയ

  • 13/12/2021

കര്‍ണാടക: പൂജയ്ക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി. പുറത്തെടുക്കാന്‍ ശസ്ത്രക്രിയ. ഉത്തര കര്‍ണാടകയിലെ സിര്‍സി താലൂക്കിലെ ഹീപ്പനഹള്ളിയിലാണ് സംഭവം. 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ്  പശു വിഴുങ്ങിയത്. നാലുവയസുള്ള പശുവിനും കിടാവിനുമായി നടത്തിയ പൂജയ്ക്കിടയിലാണ് സംഭവം. 

ദീപാവലി സമയത്തെ ഗോ പൂജയ്ക്കിടെയാണ്  ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശു സ്വര്‍ണമാല വിഴുങ്ങിയത്. പൂജയക്കായി പശുക്കളെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. പശുക്കിടാവിന്‍റെ കഴുത്തിലായിരുന്നു സ്വര്‍ണമാല അണിയിച്ചിരുന്നത്. പിന്നീട് ഈ മാല ഈരി വച്ചിരുന്നു. ഇതിന് സമീപത്തായി വച്ചിരുന്ന പൂമാലകള്‍ അകത്താക്കുന്ന കൂട്ടത്തിലാണ് സ്വര്‍ണമാലയും പശു വിഴുങ്ങിയത്. മാല കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. തൊഴുത്തിലും പരിസരത്തുമെല്ലാം തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് മറ്റ് സാധ്യതകളേക്കുറിച്ച് വീട്ടുകാര്‍ അന്വേഷിച്ചത്. മോഷ്ടാക്കള്‍ വരാനുള്ള സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ വീട്ടുകാര്‍ പിന്നീടുള്ള 35 ദിവസത്തോളം പശു ചാണകം ഇടുന്നത് ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ മാല വെളിയില്‍ വന്നില്ല. ഇതോടെയാണ് മൃഗഡോക്ടറുടെ സഹായം തേടാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.

മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയാണ് പശുവിന്‍റെ വയറിനുള്ളിലെ സ്വര്‍ണ സാന്നിധ്യം മനസിലാക്കുന്നത്. പിന്നീട് സ്കാന്‍ ചെയ്തതിലൂടെ വയറിനുള്ളില്‍ എവിടെയാണ് മാലയുള്ളതെന്ന് കൃത്യമായി കണ്ടെത്തി. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സ്വർണ്ണ മാല നീക്കം ചെയ്യുകയും ചെയ്തു. പശുവിന്റെ വയറിനുള്ളിൽ മാല കുരുങ്ങി കിടക്കുകയായിരുന്നു. മാലയുടെ ഒരു ചെറിയ ഭാഗം കാണാതാവുകയും ചെയ്തു. അതുകൊണ്ട് മാലയ്ക്കിപ്പോൾ 18 ഗ്രാം തൂക്കമേയുള്ളു. സ്വർണ്ണ മാല തിരികെ ലഭിച്ചതിൽ കുടുംബത്തിന് സന്തോഷമുണ്ടെങ്കിലും പശുവിന് ശസ്ത്രക്രിയയിലൂടെ കടന്നു പോകേണ്ടി വന്നതിൽ അവർക്ക് ദുഃഖവുമുണ്ട്. 

(പ്രതീകാത്മക ചിത്രം)


Related News