ലഖിംപുര്‍ ഖേരിലെ കൊലപാതകം ആസൂത്രിതമെന്ന് എസ്.ഐ.ടി; പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ നല്‍കി

  • 14/12/2021

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതികളായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. പ്രതികള്‍ക്കെതിരെ ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിദ്യാറാം ദിവാകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. 
            മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപ്പൂര്‍വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള നിസാര വകുപ്പുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ യു.പി പൊലിസിന് രണ്ടാഴ്ചത്തെ സമരം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. 
           ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുകയായിരുന്ന നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Related News