ഹിസ്ബുല്ല ബന്ധം: പ്രതികളുടെ റിമാന്‍ഡ്‌ നീട്ടി.

  • 17/12/2021

കുവൈത്ത് സിറ്റി : ലബ്‌നാനിലെ ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അറസ്റ്റ് ചെയ്ത 21 പ്രതികളിൽ 12 പേരുടെ റിമാന്‍ഡ്‌ 14 ദിവസത്തേക്ക് നീട്ടി. ഹിസ്ബുല്ലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി  കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കുവൈത്ത് പോലിസ് ഇവരെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. സംഭാവനകളുടെ സ്രോതസ്സും അവ ഹിസ്ബുല്ലയ്ക്ക് വേണ്ടി പിരിച്ചതാണോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് പോലിസ് അധികൃതര്‍ വ്യക്തമാക്കി. 

നേരത്തെ ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിയാസംഘം ഹിസ്ബുല്ലയെ കുവൈത്ത് സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.  ഹിസ്ബുല്ലയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സംഘടനക്ക് സാമ്പത്തികവും നയപരമായ പിന്തുണയും സഹായവും നല്‍കുന്നതും കുവൈത്തില്‍ കുറ്റകരമാണ്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഹിസ്ബുല്ല ബന്ധത്തിന്‍റെ പേരില്‍ നിരവധി പേര്‍ നിരീക്ഷണത്തിലാണ്. അതിനിടെ ഹിസ്ബുല്ലയെ പിന്തുണച്ചുവെന്ന ആരോപണം അറസ്റ്റിലായവര്‍ നിഷേധിച്ചു. ലബ്‌നാനിലെയും മറ്റ് രാജ്യങ്ങളിലെയും അനാഥകളെ സഹായിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പണംപിരിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ വ്യക്തമാക്കി. 

Related News