കുവൈറ്റിൽ സൈന്യത്തിൽ ചേരാനായി വനിതാ അപേക്ഷകരുടെ തിരക്ക്; ആദ്യ ദിനം തന്നെ മികച്ച പ്രതികരണം.

  • 20/12/2021

കുവൈത്ത് സിറ്റി : കുവൈറ്റിൽ സൈന്യത്തിൽ ചേരാനായി ആദ്യ ദിവസത്തില്‍ തന്നെ  137 വനിതകൾ രജിസ്റ്റർ ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നോൺ കമ്മീഷൻഡ് ഓഫീസർമാരായി സൈനിക സേവനത്തിൽ ചേരാൻ സന്നദ്ധരായ സ്വദേശി വനിതകൾക്ക് കഴിഞ്ഞ ദിവസം മുതലാണ്‌  പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 200 കുവൈറ്റി വനിതകളാണ്  സൈന്യത്തിന്‍റെ ഭാഗമാകുമാവുക. അതില്‍ 150 പേർ അമീരി ഗാർഡിന്‍റെ ഭാഗമാകുമെന്ന് കുവൈത്ത് ആർമി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ മറൈൻ കേണൽ മുഹമ്മദ് ആബെൽ അൽ അവാദി അറിയിച്ചു. 

സർവ്വകലാശാല ബിരുദമോ  ഡിപ്ലോമയോ ഉള്ള 18 മുതൽ 26 വയസു വരെയുള്ള കുവൈത്ത് വനിതകള്‍ക്ക്  ജനുവരി രണ്ടുവരെ അപേക്ഷിക്കാം. ശാരീരികക്ഷമതയുള്ളവരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമാകണമെന്ന് നിബന്ധനയുണ്ട്. കായികക്ഷമത പരീക്ഷയും വ്യക്തഗത അഭിമുഖ പരീക്ഷയും അടിസ്ഥാനമാക്കിയാകും നിയമനം.  പോലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗമുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് സൈനിക മേഖലയിൽ സ്വദേശി വനിതകൾ പ്രവേശിക്കുന്നത്.

അതിനിടെ സൈനിക സേവനത്തിന് വനിതകളെ നിയമിക്കുന്നതിരെ രാജ്യത്ത് പ്രതിഷേധവും ഉയരുന്നുണ്ട്. തീരുമാനം മാറ്റിവയ്ക്കണമെന്ന് നേരത്തെ ഈസാ അല്‍ ഖണ്ഡാരി എംപി ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക നിയമങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരാണ് പുതിയ നീക്കമെന്നും സര്‍ക്കാര്‍ പുതിയ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും  മുഹമ്മദ്‌ ഹായഫ് എംപി പറഞ്ഞു.

Related News