കരോളും ദേശഭക്തി സംഗീതവും നിറഞ്ഞ സായാഹ്നമൊരുക്കി ഇന്ത്യൻ എംബസി

  • 22/12/2021

കുവൈത്ത് സിറ്റി: ക്രിസ്തുമസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. കരോളും ദേശഭക്തി സംഗീതവും നിറഞ്ഞ സായാഹ്നമാണ് എംബസി ഒരുക്കിയത്. അംബാസഡർ സിബി ജോർജിന്റെയും മാഡം ജോയ്‌സ് സിബിയുടെയും നേതൃത്വത്തിലുള്ള എംബസി ടീമിൽ അംബാസഡർമാർ, നയതന്ത്ര പങ്കാളികൾ, അവരുടെ കുടുംബം, നയതന്ത്ര സമൂഹം, കുവൈത്തിലെ ഇന്ത്യൻ സമൂഹം എന്നിവരും ഇന്ത്യയുടെ സവിശേഷവും സന്തോഷകരവുമായ ആഘോഷത്തിൽ പങ്കെടുത്തു.

കുവൈത്തിലെ സംഗീത സംഘമായ കുവൈത്ത് ചേംബർ ചൊറലെ മനോഹരമായി അവതരിപ്പിച്ച കരോൾ സായാഹ്നം ഏറെ ഹൃദ്യമായി. ലോകമെമ്പാടുമുള്ള ക്രിസ്മസ് കരോളുകൾക്കൊപ്പം ഇന്ത്യൻ ദേശഭക്തി ഗാനങ്ങളുടെയും സമന്വയിച്ചപ്പോൾ സദസിൽ ആഹ്ലാദം നിറഞ്ഞു. നമ്മളെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വരുന്നത്. നൂറുകണക്കിന് ഭാഷകൾ സംസാരിക്കുന്നു. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു. വ്യത്യസ്ത ഉത്സവങ്ങൾ ആഘോഷിക്കുന്നു. വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കുന്നു. വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നു. പക്ഷേ അവിടെ ഏകത്വവും പൊതുബോധവും നമ്മളെ ഒരുമിച്ച് നിർത്തുന്നു, ഇന്ത്യക്കാരെന്ന നിലയിൽ നാമെല്ലാം അഭിമാനിക്കുന്നുന്നും സ്ഥാനപതി സിബി ജോർജ് പരിപാടിയിൽ പറഞ്ഞു. വാക്സിനേഷനിൽ ഉൾപ്പെടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായി.

Related News