വെര്‍ച്വല്‍ ഹിയറിംഗിനിടെ യുവതിയെ വാരിപ്പുണര്‍ന്ന് അഭിഭാഷകന്‍; 'പാഠം പഠിപ്പിച്ച്' കോടതി

  • 23/12/2021

ചെന്നൈ: വെര്‍ച്വല്‍ കോടതിയില്‍ യുവതിയെ വാരിപ്പുണര്‍ന്ന നിലയിലെത്തിയ  അഭിഭാഷകനെതിരെ കടുത്ത നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷകനെ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തു. 

സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഒരു കേസിന്‍റെ വെര്‍ച്വല്‍ ഹിയറിംഗ് നടക്കുന്നതിനിടെയായിരുന്നു ആര്‍ ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകന്‍റെ അനുചിതമായ നടപടി. തിങ്കളാഴ്ച കേസിലെ വാദം ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്ന സമയത്തായിരുന്നു യുവതിയെ വാരിപ്പുണരുന്ന നിലയില്‍ അഭിഭാഷകനെത്തിയത്. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.

രാജ്യത്തെ ഒരു കോടതിയിലും ട്രൈബ്യൂണലുകളിലും മറ്റ് ഇടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ ആര്‍ ഡി സന്താന കൃഷ്ണന്‍ ഹാജരാവുന്നതിന് വിലക്കും കോടതി പ്രഖ്യാപിച്ചു. അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ ഈ വിലക്ക് ബാധകമായിരിക്കും. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് തമിഴ്നാട്, പുതുച്ചേരി ബാര്‍ കൌണ്‍സില്‍ പുറത്തുവിട്ടു. ജഡ്ജുമാരായ പി എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അഭിഭാഷകനെതിരെ സ്വയം അച്ചടക്ക നടപടികളുമായി മുന്നോട്ട് വരികയായിരുന്നു. അഭിഭാഷകനെതിരെ സിബിസിഐഡി തലത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

കോടതി അലക്ഷ്യമടക്കമുള്ള കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നും കോടതി വ്യക്തമാക്കി. 

Related News