ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് സന്ന്യാസി വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന; 50കാരന്‍ അറസ്റ്റില്‍

  • 24/12/2021

ചെന്നൈ: സന്ന്യാസിയുടെ വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ 50കാരന്‍ അറസ്റ്റില്‍. റോയപേട്ട സ്വദേശി എം ദാമു എന്നയാളാണ് അറസ്റ്റിലായത്. ക്ഷേത്രപരിസരം കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. മൈലാപ്പൂര്‍, റോയാപ്പേട്ട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ വില്‍പന. 

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇയാളെ സമീപിച്ചത്. പത്രക്കടലാസില്‍ ഇയാള്‍ കഞ്ചാവ് പൊതിഞ്ഞ് നല്‍കവെ കൈയോടെ പിടികൂടി. കൂടുതല്‍ തിരച്ചിലില്‍ ഇയാളില്‍ നിന്ന് ഏഴുകിലോ കഞ്ചാവ് പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എം രാജ, ആസൈയിത്തമിണി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് എത്തിച്ചായിരുന്നു ഇയാളുടെ വില്‍പനയെന്നും സംശയം തോന്നാതിരിക്കാന്‍ ആഴ്ചയില്‍ ക്ഷേത്രങ്ങള്‍ മാറി വില്‍പന നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെന്നൈയില്‍ വന്‍ കഞ്ചാവ് വേട്ടയാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നഗരത്തില്‍ 1400 കിലോ കഞ്ചാവ് പിടികൂടി. 5000പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News