ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല: തെര. കമ്മിഷന്‍

  • 30/12/2021

ലഖ്‌നൗ: ഒമിക്രോണ്‍ വ്യാപനം ഇന്ത്യയില്‍ കൂടിവരുമ്പോഴും വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്.

നിലവിലത്തെ സാഹചര്യത്തില്‍ യു.പി. നിയമസഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.  ഇതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന സാധ്യതകള്‍ അവസാനിച്ചു. 

ഒമിക്രോണ്‍ കൂടുന്ന സാഹചര്യത്തില്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 

ഭരണകക്ഷിയായ ബി.ജെ.പി, പ്രധാന എതിരാളിയായ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി. തുടങ്ങി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 

കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരെ അതില്‍നിന്ന് സംരക്ഷിക്കാനുള്ള വിവിധ മാര്‍ഗങ്ങളും പാര്‍ട്ടികള്‍ മുന്നോട്ടു വെച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പു കമ്മിഷന്‍ സംഘം ഉത്തര്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

കോവിഡ് സാഹചര്യത്തില്‍ വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടുമെന്നും അകലം ഉറപ്പാക്കാന്‍ 11000 ബൂത്തുകള്‍ പുതുതായി ചേര്‍ക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News