രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു, ആശങ്കയില്‍ കേരളവും

  • 31/12/2021

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഒപ്പം ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  കേരളത്തിലും ആകെ ഒമിക്രോൺ കേസുകൾ 100 കടന്നു. രാജ്യത്ത് ഒമിക്രോണ്‍  ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോ് അടുക്കുകയാണ്. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. 

ദില്ലിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. 145 കോടിയില്‍ അധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്‍തു എന്നാണ് കണക്കുകള്‍. 

അതേസമയം വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കേരളവും ഭീതിയിലാണ്. അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമെത്തി. സമൂഹവ്യാപന ഭീതിയിലാണ് കേരളം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോ റിസ്‍ക് രാജ്യങ്ങളില്‍ നിന്നുവന്ന 52 പേര്‍ക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുവന്ന 41 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ടുപേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ലാത്തതാണ് ആശങ്കയേറ്റുന്നത്. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്‍തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡോ സ്‍കൂൾ തിരിച്ചറിയൽ കാർഡോ (നൽകാം. 

തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി 5 ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Related News