രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ 21കാരിയായ മകള്‍ അമ്മയെ കൊലപ്പെടുത്തി

  • 02/01/2022

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ 21 കാരിയായ മകള്‍ അറസ്റ്റില്‍. രണ്ടാനാച്ഛന്റെ സഹായത്തോടെയാണ് മകള്‍ അമ്മയെ കൊലപ്പെടുത്തിയത്. 38 കാരിയായ അര്‍ച്ചന റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ അര്‍ച്ചനയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡിയാണ് അമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. അര്‍ച്ചനയും രണ്ടാം ഭർത്താവ് നവീനും കുറച്ച് കാലങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. എന്നാല്‍ മകള്‍ യുവിക രണ്ടാനച്ഛനായ നവീന് ഒപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തിരുന്നു. അർച്ചനയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്റെ പദ്ധതി എന്ന് പൊലീസ് പറയുന്നു. 

നവീൻ കുമാറും സുഹൃത്തും ചേർന്നാണ് അര്‍ച്ചനയെ കൊലപ്പെടുത്തിയത്. ഇന്നോവ കാറിൽ വരുമ്പോൾ അർച്ചനയെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. അർച്ചനയെ ഇവര്‍ വെട്ടിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നവംബർ അവസാന ആഴ്ചയിൽ നവീനെതിരെ അർച്ചന പൊലീസിൽ പരാതി നൽകിയിരുന്നു.  ഇതാണ് കൊലയ്ക്ക് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അർച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. ജിം ട്രെയിനറായ നവീന് 33 വയസ്സാണ്. 

Related News