മോദിക്ക് ധാർഷ്ട്യം, കർഷക സമരം ചർച്ച ചെയ്യാൻ പോയി തർക്കിച്ച് പിരിഞ്ഞു: മേഘാലയ ഗവർണർ

  • 03/01/2022

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ധ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മോദിക്ക് ധാർഷ്ട്യമെന്നും, പ്രധാനമന്ത്രിയുമായി കാർഷിക സമരത്തെപ്പറ്റി ചർച്ച ചെയ്യാൻ പോയി തർക്കിച്ചു പരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ദാദ്രിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷക സമരം ചർച്ച ചെയ്യാൻ വേണ്ടി പോയിരുന്നു, എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തർക്കിച്ചു പിരിയുകയായിരുന്നു. അദ്ദേഹം വളരെ ധാർഷ്ട്യമുള്ളയാളാണ്. 500 കർഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ 'അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം . അതെ, നിങ്ങൾ രാജാവിരിക്കുന്നതിനാൽ എന്നായിരുന്നു എന്റെ മറുപടി. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി പറയുകയായിരുന്നുവെന്നും താൻ അതനുസരിച്ചുവെന്നും സത്യപാൽ മാലിക് പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ നേരത്തെയും സത്യപാൽ മാലിക് രംഗത്തെത്തിയിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട്, കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബി.ജെ.പി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Related News