കനത്ത മഴയിൽ രാജ്യത്തെ റോ‍ഡുകൾ മുങ്ങി; പ്രധാന കാരണങ്ങൾ ഇവ

  • 03/01/2022

കുവൈത്ത് സിറ്റി: കനത്ത മഴയിൽ രാജ്യത്തെ റോഡുകൾ കുളങ്ങളായപ്പോൾ പ്രതിസന്ധിയിലായി ജനങ്ങൾ. മൂന്ന് പ്രധാന കാരണങ്ങളാണ് റോ‍ഡ‍ുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അറ്റകുറ്റപ്പണികൾ, ഡ്രെയിനേജ് പൈപ്പുകളുടെ വലിപ്പം, കടൽ വേലിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ മൂന്ന് കാരണങ്ങൾ. മഴ കനത്ത് പെയ്തതോടെ നിരവധി റോ‍ഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. പ്രത്യേകിച്ച് അൽ ഗസാലി പാലവും ജാബർ പാലത്തിന് എതിർവശത്തുള്ള ആറാമത്തെ റിംഗ് റോഡും ഫഹാഹീൽ ടണൽ റോഡും വെള്ളത്താൽ നിറഞ്ഞ അവസ്ഥയുണ്ടായി.

മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ ചെറിയ മഴ ലഭിച്ചാലും ചില പ്രദേശങ്ങൾ മുങ്ങിപ്പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. 40 ദിവസം മുമ്പ് റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിച്ചിട്ടും ഗവർണറേറ്റുകളിലെ ഡ്രെയിനേജുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂന്ന് കരാറുകൾ ഒപ്പിടാൻ മന്ത്രാലയം കാലതാമസം വരുത്തി.  ഈ കരാറുകൾ അണ്ടർസെക്രട്ടറിക്ക് സമർപ്പിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.

രാവിലെ മുതൽ പെയ്ത മഴയിൽ നിരവധി റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. ചില റോ‍ഡുകളും ടണലുകളും വെള്ളം കയറിയത് മൂലം പൂർണമായി അടയ്ക്കേണ്ട അവസ്ഥയുമുണ്ടായി. മഴയുടെ ഏറ്റവും ഉയർന്ന നിരക്ക് 58.61 മില്ലിമീറ്ററിലെത്തി. രാജ്യത്തെ ചില പ്രധാന റോഡുകളും പ്രദേശങ്ങളും തടാകങ്ങളും കുളങ്ങളും ചതുപ്പുനിലങ്ങളുമായി മാറിയപ്പോൾ റോഡുകളിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.

ചില കെട്ടിടങ്ങളിലും സ്കൂളുകളിലും സർവകലാശാലകളിലും വെള്ളം കയറി. കനത്ത മഴ അടിസ്ഥാന സൗകരങ്ങളുടെ പോരായ്മകളും ദൗർബല്യവും എടുത്ത് കാണിക്കുന്നതായിരുന്നു.  വെള്ളം കയറിയ സ്ഥലങ്ങളിൽ രക്ഷാദൗത്യവുമായി എത്തിയ സർക്കാർ ഏജൻസികൾക്ക് വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതേസമയം, ഇന്നലെ ഉച്ചവരെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് 58.61 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News