റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന് യുവാവ്, എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍, ഞെട്ടിക്കുന്ന വീഡിയോ

  • 03/01/2022

മുംബൈ: റെയില്‍വേ ട്രാക്കില്‍ കിടന്നയാളെ രക്ഷിക്കാന്‍ എമര്‍ജെന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്‌. മുംബൈ സബര്‍ബണ്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിലെ സേവ്‌രി സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു.

ഞായറാഴ്ച 11.45 നാണ് സംഭവം. ട്രെയിന്‍ ദൂരെ നിന്ന് വരുന്നതിനിടയില്‍ ഒരാള്‍ പാളത്തിലൂടെ അലഞ്ഞു തിരിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ മുന്നോട്ട് വരുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. ഇതോടെയാണ് ലോക്കോ പൈലറ്റ്‌ എമര്‍ജെന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുന്നത്. ഇയാള്‍ കിടക്കുന്നതിന്റെ തൊട്ടടുത്തായാണ് ട്രെയിന്‍ വന്നുനിന്നത്.

ട്രെയിന്‍ നിന്നതോടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ട്രാക്കില്‍ കിടന്നയാളെ മാറ്റുന്നതും ദൃശ്യത്തില്‍ കാണാം. കൃത്യസമയത്ത് വണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റിനെ അഭിന്ദിച്ച് റെയില്‍വേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ലോക്കോപൈലറ്റിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ പേര് റെയില്‍വേ വെളിപ്പെടുത്തണമെന്ന് പലരും കമന്റുകളില്‍ ആവശ്യപ്പെട്ടു. കൃത്യസമയത്ത് എത്തി പാളത്തില്‍ കിടന്നയാളെ മാറ്റിയ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെയും പലരും അഭിനന്ദിച്ചു.

Related News