കര്‍ഫ്യൂ സമയത്ത് പൊറോട്ട നല്‍കിയില്ല; ഹോട്ടലുടമയെ യുവാക്കള്‍ വെടിവച്ചുകൊന്നു

  • 03/01/2022

നോയിഡ: രാത്രി കര്‍ഫ്യൂവിനിടെ  ഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കള്‍  വെടിവച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ്  സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ എന്ന 27 വയസുള്ള ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. രാത്രി 11 മുതല്‍ രാവിലെ 5 വരെയായിരുന്നു കര്‍ഫ്യൂ.  കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്‍റെ കടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കപില്‍ ഇവരെ അറിയിച്ചു. 

ഇതോടെ കടയിലേക്ക് എത്തിയ യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ കപിലിനോട് രൂക്ഷമായി തര്‍ക്കിച്ച ശേഷം മടങ്ങി. പുലര്‍ച്ചെ 3.30ഓടെ ഇവര്‍ വീണ്ടും കടയിലെത്തി കപിലിനെ വെടിവച്ച് വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി കപിലിന്‍റെ കടയിലെ  സ്ഥിരം എത്തിയിരുന്നവരാണ് അക്രമികള്‍. 

പരി ചൌക്കിന് സമീപം ഓരാള്‍ക്ക് വെടിയേറ്റെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടേക്ക് എത്തുന്നത്. സംഭവത്തില്‍ ആകാശ്, യോഗേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Related News