ലഖിംപുർ ഖേരി: കുറ്റപത്രത്തിൽ മന്ത്രിപുത്രൻ മുഖ്യപ്രതി

  • 03/01/2022

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി. ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതിയും മറ്റുള്ളവരുടേത് ലഖിംപുർ ഖേരി കോടതിയും പരിഗണിക്കാനിരിക്കേയാണ് കുറ്റപത്രമെത്തിയത്.

ആശിഷുൾപ്പെടെ 14 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം നൽകി. 5000 പേജുള്ള ഇതിൽ പ്രതികൾക്കെതിരേ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയതായി സീനിയർ പ്രോസിക്യൂട്ടിങ് ഓഫീസർ എസ്.പി. യാദവ് മാധ്യമങ്ങളോടു പറഞ്ഞു. അക്രമത്തിൽ കർഷകർ കുറ്റമാരോപിക്കുന്ന മന്ത്രി അജയ് മിശ്രയെ പ്രതിചേർത്തിട്ടില്ല.

ആശിഷ് ഉൾപ്പെടെ 13 പേർ ജയിലിലാണ്. അജയ് മിശ്രയുടെ ബന്ധു വീരേന്ദ്ര കുമാർ ശുക്ലയാണ് കുറ്റം ചുമത്തിയ പതിന്നാലാമൻ. തെളിവു നശിപ്പിച്ചെന്നതാണ് ഇയാളുടെ കുറ്റം. ബ്ലോക്ക് പ്രമുഖ് കൂടിയായ ഇയാളെ അറസ്റ്റു ചെയ്തിട്ടില്ലെങ്കിലും നോട്ടീസ് അയച്ചതായി പോലീസ് അറിയിച്ചു.

Related News