കൊവിഡ് രോഗികളുമായി മുംബൈയിലേക്ക്; വിവാദം വിട്ടൊഴിയാതെ 'കോർഡെലിയ'

  • 04/01/2022

പുതുവർഷാഘോഷത്തിന് പുറപ്പെട്ട ആഡംബര കപ്പലിലെ യാത്രക്കാരിൽ 66 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും വിവാദത്തിൽപ്പെട്ട് 'കോർഡെലിയ'. ഇതോടെ ഗോവ കപ്പൽ തിരികെ അയച്ചു. രണ്ടായിരം പേരുമായി മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പലാണ് ഗോവയിലെ മുർമുഗാവ് തുറമുഖത്ത് നിന്ന് തിരിച്ച് അയച്ചത്. 

കൊവിഡ് പോസിറ്റീവായ യാത്രക്കാരിൽ വലിയൊരു ശതമാനം പേരും ഗോവയിലെ ആരോഗ്യ കേന്ദ്രത്തിൽ ക്വാറൻറൈൻ ചെയ്യാൻ തയ്യാറാവാതെ വന്നതോടെയാണ് നടപടി. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ആഡംബര ക്രൂയിസ് കപ്പലായ കോർഡെലിയ ഗോവ തിരിച്ചയച്ചത്. ക്രൂ അംഗങ്ങളിൽ ചിലർ കൊവിഡ് പോസിറ്റീവായതിന് പിന്നാലെയായിരുന്നു കപ്പലിലെ യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് ബാധിച്ച യാത്രക്കാർ കപ്പലിൽ തുടരുമെന്നാണ് ഷിപ്പിംഗ് ഏജൻസി വ്യക്തമാക്കുന്നത്. 

മാസങ്ങൾക്ക് മുൻപ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഈ കപ്പലിൽ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. കടൽ തീരങ്ങളോട് ചേർന്നുള്ള സംസ്ഥാനങ്ങളിൽ കപ്പലിലെ പുതുവർഷാഘോഷം ഏറെ പേരുകേട്ടതാണ്. ഇത്തരം ആഘോഷങ്ങൾ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് കപ്പൽ വീണ്ടും വിവാദത്തിലാവുന്നത്.

Related News