ആൾക്കൂട്ട നിയന്ത്രണം: പരിപാടികൾക്ക് റിസർവേഷൻ നടത്തിയവർക്ക് റീഫണ്ട് നൽകുമെന്ന് സാമൂഹികാര്യ മന്ത്രാലയം

  • 04/01/2022

കുവൈത്ത് സിറ്റി: ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാ​ഗമായി മന്ത്രിസഭാ നിർദേശപ്രകാരമുള്ള നടപടികൾ നടപ്പാക്കി തുടങ്ങി. രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിലാണ്  ഫെബ്രുവരി 28 വരെ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന എല്ലാത്തരം സാമൂഹിക പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ വിവിധ പരിപാടികൾക്കായി ഹാളുകളും മറ്റും ബുക്ക് ചെയ്തവർക്ക്  മുഴുവൻ തുകയും മടക്കി നൽകുമെന്ന് സാമൂഹികകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 

ഇതാദ്യമായല്ല മന്ത്രാലയം ഇത്തരത്തിൽ റിസർവേഷൻ ഫീസ് തിരികെ നൽകുന്നത്. നേരത്തെ, കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇങ്ങനെ ബുക്കിംഗ് റദ്ദാക്കിയപ്പോൾ ഏകദേശം 318 പേർക്കാണ് മന്ത്രാലയം തുക തിരികെ നൽകിയത്. അതേസമയം, 'ഇവന്റ്‌സ് ഹൗസ്' ആപ്പ് വഴിയുള്ള എല്ലാ ഓട്ടോമാറ്റിക് റിസർവേഷനുകളും താത്കാലികമായി നിർത്താനുള്ള മന്ത്രിസഭാ തീരുമാനം വരുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.

അതോടൊപ്പം  മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോട് അനുബന്ധിച്ച്  ജനുവരി 9 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 തിങ്കളാഴ്ച വരെ സെമിത്തേരികളിലെ എല്ലാ ശവസംസ്കാര ഹാളുകളും അടച്ചിടാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ  അഹമ്മദ് അൽ-മൻഫൂഹി തീരുമാനം പുറപ്പെടുവിച്ചു.

താൽക്കാലിക വിവാഹ ടെന്റുകൾ, വിവാഹ ഹോട്ടലുകൾ, പൊതു പരിപാടികളും വിവാഹപാർട്ടികളും,  കൂടാതെ അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന എല്ലാത്തരം സാമൂഹിക പരിപാടികളും നിർത്താൻ തീരുമാനിച്ചതായി അൽ-മൻഫൂഹി തന്റെ തീരുമാനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ പിഴയും നിയമ നടപടികളും നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News