കർണാടകയിൽ വാരാന്ത്യ കർഫ്യൂ; ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും

  • 06/01/2022

ബെംഗളൂരു: കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സർവ്വീസുകൾ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളിൽ മദ്യഷോപ്പുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.

മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആർ. കൊവിഡ് കേസുകൾ രണ്ട് മടങ്ങ് കേസുകൾ വർധിച്ചു. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിൻറെ നിർദേശം. നഴ്‌സിങ്ങ് പാരാമെഡിക്കൽ കോളേജുകളും 10,12 ക്ലാസുകളും ഒഴികെ സ്‌കൂളുകൾ അടച്ചു. സർക്കാർ ഓഫീസുകൾ അമ്പത് ശതമാനം പേരുമായാണ് പ്രവർത്തിക്കുന്നത്. വാരാന്ത്യങ്ങളിൽ പൊതുഗതാഗതം ഉണ്ടാകില്ല. മെട്രോ സർവ്വീസുകളുടെ എണ്ണവും വെട്ടിചുരുക്കി.

തലപ്പാടി, മാക്കൂട്ടം, ബാവലി അടക്കം കേരള അതിർത്തികളിൽ കർശന പരിശോധനയാണ്. കൊവിഡില്ലാ സർട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിൻറെ രേഖകളുമായി എത്തുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. രേഖകൾ ഇല്ലാതെ എത്തിയ യാത്രക്കാരെ തിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രികളിലടക്കം 30 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സർക്കാർ നിർദേശം.

Related News