പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച: ഹർജി ഇന്ന് സുപ്രീംകോടതിയിൽ

  • 06/01/2022

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഹർജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു. 

കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീർകുമാർ സക്സേനയാണ് അന്വേഷണത്തിന്  നേതൃത്വം നൽകുക. ഐബി ജോ. ഡയറക്ടർ ബൽബീർ സിങ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങൾ. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി. 

Related News