തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ ഭാര്യയിൽ നിന്ന് പണം കൈക്കലാക്കാൻ ശ്രമം; നാടകം പൊളിഞ്ഞത് പൊലീസ് അറസ്റ്റോടെ

  • 07/01/2022

ഗുരുഗ്രാം: തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ ഭാര്യയിൽ നിന്ന് പണം കൈക്കലാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ രാജീവ്നഗർ സ്വദേശി അനൂപ് യാദവിനെയാണ് ഭാര്യയുടെ പരാതിയിൽ പോലീസ് പിടികൂടിയത്.  ജനുവരി രണ്ടാം തീയതിയായിരുന്നു സംഭവം. 

അനൂപ് യാദവും ഭാര്യ ദീപികയും ഒരേ കമ്പനിയിൽ ജോലിചെയ്യുന്നവരാണ്. രണ്ടാം തീയതി വൈകിട്ട് കമ്പനിയുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അനൂപ് വീട്ടിൽനിന്ന് സെക്ടർ 29-ലേക്ക് പോയത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്തിയില്ല. ഇതിനിടെ ഒരു അജ്ഞാത നമ്പറിൽ നിന്ന് ദീപികയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം ലഭിച്ചു. അനൂപിനെ തട്ടിക്കൊണ്ടുപോയതാണെന്നും രണ്ട് ലക്ഷം രൂപ നൽകിയാൽ വിട്ടയക്കാമെന്നുമായിരുന്നു സന്ദേശം. ഇതോടെ പരിഭ്രാന്തിയിലായ ദീപിക ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സെക്ടർ 29 പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ദീപികയുടെ പരാതി ലഭിച്ചയുടൻ വാട്സാപ്പ് സന്ദേശം വന്ന നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം അനൂപിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ മനേസറാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ഐ.എം.ടി. മനേസർ ചൗക്കിൽനിന്ന് അനൂപിനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

അനൂപിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കള്ളക്കഥയായിരുന്നുവെന്നും ഭാര്യയിൽനിന്ന് പണം കൈക്കലാക്കാനാണ് നാടകം കളിച്ചതെന്നും വ്യക്തമായത്. ഒട്ടേറെപേരിൽനിന്നായി അനൂപ് നേരത്തെ പണം കടം വാങ്ങിയിരുന്നു. ഇവർ പണം തിരിച്ചുചോദിച്ചതോടെ യുവാവ് സമ്മർദത്തിലായി. തുടർന്നാണ് കടം വീട്ടാനുള്ള പണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നും ഇയാൾ മൊഴി നൽകി. ഇതിനായി നേരത്തെ മറ്റൊരു സിം കാർഡ് വാങ്ങിയിരുന്നു. ഈ നമ്പറിൽനിന്നാണ് ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. ഭാര്യ പണവുമായി വരുമെന്നാണ് കരുതിയതെന്നും ഒരിക്കലും പോലീസിൽ പരാതി നൽകുമെന്ന് വിചാരിച്ചില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. 

Related News