പ്രതിദിന കണക്ക് ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,000 പേർക്ക് രോഗം സ്ഥിരീകരിച്ചു,129 മരണം

  • 08/01/2022

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ 1,41,000 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിൻറെ വർധനയാണിത്. മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 129 പേരാണ് രോഗബാധിതരായി മരിച്ചത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറൻറീൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡിൽ റാലികൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. 

കൊവിഡിൻറെ രണ്ടാം തരംഗത്തിൽ നേരിട്ട ഓക്‌സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങൾക്കാണ്  ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഓക്‌സിജൻ പ്ലാൻറുകൾ സിലിണ്ടറുകൾ, വെൻറിലേറ്ററുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുകയും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാൽ നേരിടാൻ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം  നിർദേശിച്ചു.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോൺ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം  വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പിൽ കമ്മീഷൻ എന്ത് നിലപാടെടുക്കുമെന്നതാണ് ഇനി അറിയേണ്ടത്. ഒമിക്രോൺ സ്ഥിരീകരിച്ച് ആളുകൾ മരിക്കുന്നുണ്ടെന്നും നിസ്സാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവിയും മുന്നറിയിപ്പ് നൽകി.

Related News