അത്യപൂർവമായ 'മേഘപ്പുലികളെ' കണ്ടെത്തി; ചിത്രം പതിഞ്ഞത് എൻജിഒ സ്ഥാപിച്ച ക്യാമറയിൽ

  • 09/01/2022

കൊഹിമ: അത്യപൂർവ മൃഗമായ മേഘപ്പുലിയെ നാഗാലാൻറിൽ കണ്ടെത്തി. ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപമാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും ഉയരമേറിയ പ്രദേശത്ത് മേഘപ്പുലിയെ കണ്ടെത്തുന്നത്. മേഖലയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്താനായി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി എന്ന എൻജിഒ ഇവിടെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. 

കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ഇവിടെ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്.  സരാമതീ പർവതത്തിന് സമീപത്തായി രണ്ട് മുതിർന്ന പുലികളെയും ഒരു കുട്ടിപ്പുലിയെയുമാണ് കണ്ടത്.

ഒരു മീറ്റർ മാത്രം ഉയരമുള്ള പുലികളുടെ കൂട്ടത്തിൽ വലിപ്പും കുറഞ്ഞവയാണ് മേഘപ്പുലികൾ. 11 മുതൽ 20 കിലോ വരെ ഭാരമുണ്ടാവും. തൊലിയിലെ മേഘരൂപത്തിലുള്ള ചില പാടുകൾ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേർഡ്സ് എന്ന് വിളിക്കുന്നത്. ഹിമാലയത്തിന്റെ താഴ്വരകളിലും തെക്കു കിഴക്കൻ ഏഷ്യയിലുമാണ് ഇവയുടെ വാസസ്ഥലം. 

ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ അതിവേഗക്കാരും മരം കയറാൻ വിദഗ്ധരുമാണ്. ഇളം മഞ്ഞ നിറത്തിലും കടും തവിട്ട് നിറത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്ന മൃഗങ്ങളാണ് ഇവ.

Related News