സമ്പർക്കത്തിലുള്ള എല്ലാവർക്കും പരിശോധന നടത്തേണ്ടതില്ല; മാർഗരേഖ പുതുക്കി ഐ.സി.എം.ആർ.

  • 10/01/2022

ന്യൂഡൽഹി: കോവിഡ് പരിശോധനാ മാർഗരേഖ പുതുക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). കോവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ള എല്ലാവർക്കും ഇനി മുതൽ പരിശോധന നടത്തേണ്ടതില്ല. പകരം  പ്രായമായവർക്കും അനുബന്ധ രോഗാവസ്ഥയുള്ളവർക്കും മാത്രം പരിശോധന നടത്തിയാൽ മതി. ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങൾ ഉള്ളവരും പരിശോധിക്കണം.

60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ-വൃക്കരോഗങ്ങൾ  തുടങ്ങിയവയുള്ളവരും പൊണ്ണത്തടിയുള്ളവരേയുമാണ് 'അറ്റ് റിസ്‌ക്' പട്ടികയിൽ പെടുത്തിയിരിക്കുന്നതെന്ന് കോവിഡ് പരിശോധിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഐ.സി.എം.ആർ. പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരം അനുസരിച്ച് പരിശോധനകൾ നടത്താമെന്നും ഐ.സി.എം.ആർ. വ്യക്തമാക്കി. 

അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാർഗരേഖയിൽ പറയുന്നു. ഗർഭിണികൾ ഉൾപ്പെടെ, ശസ്ത്രക്രിയ അല്ലെങ്കിൽ ശസ്ത്രക്രിയേതര ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ അല്ലെങ്കിൽ  ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം പരിശോധന നടത്താൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.

Related News