കോവിഡ് രൂക്ഷം: ഡൽഹിയിൽ സ്വകാര്യ ഓഫീസുകൾ പൂട്ടുന്നു, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

  • 11/01/2022

ന്യൂഡൽഹി: കോവിഡ് രൂക്ഷമായതോടെ ഡൽഹിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങൾക്ക് ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാൻ  നിർദേശം നൽകി. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ഓഫീസുകൾ പകുതി ഹാജരിലാണ് പ്രവർത്തിക്കുന്നത്.

സ്വകാര്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫാർമസി കമ്പനികൾ, മൈക്രോഫിനാൻസ് ഓഫീസുകൾ, അഭിഭാഷകരുടെ ഓഫീസുകൾ, അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന മറ്റ് ഓഫീസുകൾ എന്നിവയെ മാത്രമാണ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഹോട്ടലുകൾ ബാറുകൾ എന്നിവയെല്ലാം നേരത്തെ തന്നെ അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ഒമിക്രോണിന്റെ വരവോടെ സംസ്ഥാനത്തെ കോവിഡ് ബാധ രൂക്ഷമായിരിക്കുകയാണ്. തിങ്കളാഴ്ച 19,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 25 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്.

Related News