യുപിയിൽ ബി.ജെ.പി.ക്ക് തിരിച്ചടി: മന്ത്രി സ്വാമി പ്രസാദ് മൗര്യ എസ്.പിയിൽ ചേർന്നു

  • 11/01/2022

ലഖ്നൗ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. ഉത്തർപ്രദേശ് സർക്കാരിലെ തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഏതാനും ചില എം.എൽ.എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയിൽ ചേക്കേറുമെന്നാണ് സൂചന. 

രാജിക്കത്ത് പുറത്തെത്തുന്നതിന് മുന്നെ തന്നെ അദ്ദേഹം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദർശിക്കുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു. പല തവണ എം.എൽ.എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2016 ൽ മായാവതിയുടെ ബിഎസ്പി വിട്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്

ദളിതരോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള യു.പി. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കർഷകരെയും ചെറുകിട സംരംഭകരെയും തൊഴിലില്ലാത്ത യുവാക്കളെയും സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Related News