യു.പി.യിൽ ബി.ജെ.പി.ക്ക് വീണ്ടും തിരിച്ചടി; ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു

  • 12/01/2022

ന്യൂഡൽഹി: തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാൻ. വനം പരിസ്ഥിതി മന്ത്രിയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് സർക്കാരിൽ തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ഇന്നലെ രാജിവെച്ചിരുന്നു. 

മധുഭൻ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാൻ നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബിജെപിപിയിലെത്തിയത്. ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. ഡൽഹിയിൽ അദ്ദേഹം മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

നേരത്തെ, ഉത്തർപ്രദേശിൽ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യയും രോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാക്യ എന്നീ നാല് എം.എൽ.എ.മാരും പാർട്ടിവിട്ട് സമാജ്വാദി പാർട്ടിയിൽ ചേരുമെന്ന് അറിയിച്ചിരുന്നു. കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ കൂടുമാറുമെന്ന സൂചനയും പുറത്തുവന്നിരുന്നു. 

Related News