ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി

  • 13/01/2022

ലഖ്‌നൗ/ ദില്ലി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഉത്തർപ്രദേശിൻറെ ചുമതലയുള്ള പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 125 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഉന്നാവിലെ സ്ഥാനാർത്ഥിയാണ്. കുൽദീപ് സിംഗ് സെംഗാർ എന്ന ബിജെപി എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയുടെ അമ്മയാണ് ഉന്നാവിൽ കോൺഗ്രസിൻറെ സ്ഥാനാർത്ഥി. 

125-ൽ 50 പേരും സ്ത്രീകളാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 125 പേരിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. അങ്ങനെ ഏതാണ്ട് 80 ശതമാനവും പരമാവധി പുതുമുഖങ്ങളെയാകും കോൺഗ്രസ് അണിനിരത്തുക. ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു പുതിയ രാഷ്ട്രീയത്തിനാണ് യുപിയിൽ കോൺഗ്രസ് തുടക്കം കുറിക്കുന്നത് എന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്. 

ഉത്തർപ്രദേശിൽ ഏറ്റവുമാദ്യം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടുകയാണ് കോൺഗ്രസ്. ബിജെപി, എസ്പി എന്നീ പാർട്ടികൾ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടാൻ ഒരുങ്ങുന്നതേയുള്ളൂ. അതിന് മുമ്പാണ് പതിവില്ലാത്ത വിധം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക നേരത്തേ പുറത്തുവിടുന്നത്.

Related News