സിൽവർ ലൈൻ പദ്ധതി: കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണം, ആശങ്ക അറിയിച്ച് കേന്ദ്രം

  • 13/01/2022

ദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു. എടുക്കുന്ന കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടതായും യോഗത്തിൻറെ മിനുട്ട്‌സ് വ്യക്തമാക്കുന്നു.

സിൽവർ ലൈൻ പദ്ധതിയിൽ ചീഫ് സെക്രട്ടറിയുമായും കെ റെയിൽ ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാൻ കഴിഞ്ഞ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരിച്ചതായി യോഗത്തിൽ റെയിൽബോർഡ് ചെയർമാൻ പറഞ്ഞു. 

പദ്ധതിയുടെ കാര്യത്തിൽ കുറെ പുരോഗതിയുണ്ടെന്ന് മുൻ ചെയർമാൻ സുനീത് ശർമ്മ പറഞ്ഞതായി മിനുട്ട്‌സിലുണ്ട്. എന്നാൽ പദ്ധതി ചിലവ്, യാത്രക്കാരുടെ എണ്ണം, കടമെടുക്കുന്നതിൻറെ വഴി, കേന്ദ്ര സഹായം എന്നിവയിൽ ധാരണയില്ലെന്ന് മിനുട്ട്‌സ് വ്യക്തമാക്കുന്നു. 63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിൻറെ കണക്ക് റെയിൽവേ ബോർഡ് ഫിനാൻസ് മെമ്പർ യോഗത്തിൽ ചോദ്യം ചെയ്തു.

Related News