കത്രിക ഉപയോഗിച്ച് കഴുത്തറുത്തു, കല്ലുകൊണ്ട് ഇടിച്ചു; മധ്യവയസ്കയെ ക്രൂരമായി കൊലപ്പെടുത്തിയ നാലു പേര്‍ അറസ്റ്റില്‍

  • 14/01/2022

ദില്ലി: കത്രിക ഉപയോഗിച്ച് 52 വയസ്സുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പോലീസ് വ്യക്തമാക്കി. താര ബോധ് എന്ന സ്ത്രീയെയാണു പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമന്‍, ആകാശ്, മനീഷ്, വൈഭവ് ജെയ്ന്‍ എന്നിവര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ലോനി സ്വദേശികളാണു പ്രതികള്‍. 

ജനുവരി 11 നാണ് സംഭവം ഉണ്ടായത്. ലോനിയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കൊലക്കേസിലും അമനും ആകാശും കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോമുകളുടെ വ്യാപാരം ചെയ്യുന്ന അമനു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ അമന്‍ സുഹൃത്തുക്കളോടൊപ്പം മോഷണം ആസൂത്രണം ചെയ്‌തെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ സംഘം വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു സ്ത്രീയെ ഗോഡൗണിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി. 

കത്രിക ഉപയോഗിച്ച് കഴുത്തറുത്തും കല്ലുകൊണ്ട് അടിച്ചുമാണ് താര ബോധിനെ കൊന്നത്. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും കവര്‍ന്നു. വീട്ടില്‍ അയല്‍വാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു സംഘം പണം മോഷ്ടിക്കാതെ രക്ഷപെടുകയായിരുന്നു. ഓള്‍ഡ് ദല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് അമനും മനീഷും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റു രണ്ടു പ്രതികളെയും കണ്ടെത്തി.

Related News