തമിഴ്നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും

  • 15/01/2022

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്നാട്. ഇന്ന് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതേസമയം, 23,989 പേർക്ക് കൂടി തമിഴ്നാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയിൽ 28.6 ശതമാനമാണ് ടിപിആർ. ചികിത്സയിൽ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നേരത്തെ, കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീ‌ട്ടിയിരുന്നു. അതേസമയം, രാജ്യത്ത് കൊവി‍ഡ് കേസുകൾ വർധിക്കുന്ന അവസ്ഥയാണുള്ളത്.

ഒമിക്രോൺ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നീട്ടിയിരുന്നു. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്ച കൂടി നീട്ടിയത്. ഈ മാസം 22 വരെ നിയന്ത്രണങ്ങൾ ഇവിടെ ബാധകമായിരിക്കും. പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേ‍ർ വരെയുള്ള യോ​ഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും ആരോ​ഗ്യമന്ത്രാലയവും കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. 

Related News