കുവൈത്തില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം ഉംറ തീർത്ഥാടനത്തിന് അനുമതി നല്‍കി അധികൃതര്‍

  • 17/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്നും സ്വദേശികളും  വിദേശികളുമായ തീർത്ഥാടകർക്ക് കര മാര്‍ഗ്ഗം ഉംറക്ക് അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ തീർത്ഥാടകർക്ക് സാൽമി അതിർത്തി വഴി ഉംറ യാത്ര ചെയ്യുവാനും തിരികെ വരാനും  സാധിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റോഡ്‌ മാര്‍ഗ്ഗം ഉംറ തീർത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഉംറ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഔഖാഫ് മന്ത്രാലയം ചെയ്യും. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഉംറ യാത്രകര്‍ക്ക് അനുമതി നല്‍കുക. 

ഇത് സംബന്ധമായ സര്‍ക്കുലര്‍ ഉംറ ട്രിപ്പ് ഓഫീസുകള്‍ക്കും ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്കും ലഭിച്ചു. ആരോഗ്യ വകുപ്പിന്‍റെ കോവിഡ് ആരോഗ്യ സുരക്ഷാ  നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും യാത്രകള്‍ സംഘടിപ്പിക്കേണ്ടതെന്നും സീറ്റുകൾ തമ്മിലുള്ള അകലം പാലിക്കണമെന്നും ഉംറ യാത്രക്കാരുടെ എണ്ണം ശേഷിയുടെ 50 ശതമാനത്തിൽ കവിയരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഉംറ യാത്രികര്‍ വാക്സിനുകള്‍ സ്വീകരിച്ചവരായിരിക്കണം.  അതോടപ്പം തീർത്ഥാടകർ ഉംറ വാഹനത്തില്‍ കയറുന്നതിന് മുമ്പായി സീറ്റുകൾ അണുവിമുക്തമാക്കണമെന്നും യാത്രയില്‍ മാസ്കുകള്‍ ധരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.യാത്രാനുമതിക്കായി  തീർഥാടകരുടെ വിസയുടെയും മറ്റ് യാത്ര രേഖകളുടെയും പകര്‍പ്പുകള്‍ വാട്ട്സ്ആപ്പ് വഴി ഷെയര്‍ ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. 

Related News