കുവൈത്തിൽ 60 കഴിഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹാരം കാണുമെന്ന് അധികൃതര്‍

  • 17/01/2022

കുവൈത്ത് സിറ്റി: ബിരുദ വിദ്യാഭ്യാസമില്ലാത്ത അറുപത് വയസ്സും അതിൽ കൂടുതലുമുള്ള താമസക്കാരുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു. നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ പ്രഥമ പരിഗണനയില്‍ ഈ പ്രശ്‌നമുണ്ടെന്നും എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.  

60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് കർശന വ്യവസ്ഥയോടെ ആരോഗ്യ ഇൻഷുറൻസും  നിശ്ചിത സംഖ്യ വാര്‍ഷിക ഫീസ് ഈടാക്കിയും  ഇഖാമ പുതുക്കി നൽകുവാന്‍ നേരത്തെ തീരുമാനം കൈകൊണ്ടിരുന്നു. നേരത്തെയുള്ള വാര്‍ത്തകള്‍ പ്രകാരം  ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ പ്രതിവർഷം ആയിരം മുതല്‍ 1100 ദിനാര്‍ വരെ  ഫീസായിരിക്കും ഈടാക്കുകയെന്നാണ് സൂചനകള്‍. 

അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്. 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ വിദ്യാഭ്യാസമില്ലാത്ത  പ്രവാസികൾക്ക്‌ തൊഴിൽ കരാർ പുതുക്കരുതെന്ന് മാനവശേഷി സമിതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 

എന്നാൽ ഉത്തരവ്‌ കുവൈത്ത്‌ ഭരണ ഘടനാ വിരുദ്ധമാണെന്ന് ഫത്വ ലെജിളേറ്റീവ്‌ സമിതി അഭിപ്രായപ്പെട്ടതോടെ ഉത്തരവ്‌ സ്വയം റദ്ധാകുകയായിരുന്നു.60 വയസ്സ്‌ കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇനിയും അന്തിമ തീരുമാനം ഉണ്ടാവാത്തത്  മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കടുത്ത  ആശങ്കയാണ് സൃഷ്ടിക്കുന്നത്. അറുപത് കഴിഞ്ഞ നൂറുക്കണക്കിന് പേര്‍ താല്‍ക്കാലിക വിസയിലാണ് കുവൈത്തില്‍ താമസിക്കുന്നത്. 

Related News