ടി.പി.ആർ നിരക്കിനനുസരിച്ച് പരിശോധന വർധിപ്പിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

  • 18/01/2022

ന്യൂഡൽഹി: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. വലിയരീതിയിൽ വ്യാപനമുണ്ടായിരുന്ന ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടാവുന്നുമില്ല. ഈ പ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

ഇതിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതുവഴി വൈറസിന്റെ വ്യാപനം പരമാവധി തടയുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

കോവിഡ് രോഗികൾക്ക് ചികിത്സയ്ക്ക് ശേഷവും ചുമ തുടരുകയാണെങ്കിൽ അവർക്ക് സ്റ്റിറോയിഡ് നൽകുന്നതിന് പകരം അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പുതിയ മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം അത്ര ആശ്വാസകരമല്ലെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

Related News