മൂന്നാം തരംഗത്തിൽ മരണം കുറവ്: സുരക്ഷിതത്വം നൽകുന്നത് വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം

  • 20/01/2022

ന്യൂഡൽഹി: വാക്സിന്റെ സംരക്ഷണമുള്ളതിനാൽ കോവിഡിന്റെ മൂന്നാംതരംഗത്തിൽ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ മരിച്ചവരിൽ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാൽ, അർഹരായവർ കരുതൽഡോസ് നിർബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തിൽ രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നതും മരണം കുറയുന്നതും വാക്സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

മുതിർന്ന പൗരരിൽ 72 ശതമാനംപേർ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേർ ഒറ്റ ഡോസ് എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളിൽ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിനു താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നകാര്യം ശാസ്ത്രീയപഠനങ്ങൾക്കുശേഷം തീരുമാനിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ പരിപാടി പൂർത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.

കുട്ടികളിൽ രോഗം താരതമ്യേന കുറവാണെന്നാണ് മുൻകാല അനുഭവം. 2020-ൽ, ആകെ കോവിഡ് രോഗികളിൽ 10 ശതമാനം 19 വയസ്സിൽ താഴെയുള്ളവരായിരുന്നു. 0.96 ശതമാനം ആയിരുന്നു (10,000 ത്തിൽ 96) മരണനിരക്ക്. 2021 ൽ ഇത് 11 ശതമാനവും 0.70 ശതമാനവുമാണ് (10,000 ത്തിൽ 70 മരണം). കുട്ടികളിലെ കോവിഡിൽ വലിയമാറ്റം കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഉണ്ടായിട്ടില്ല. മുതിർന്നവരിൽ രണ്ടാം ഡോസിന്റെ സമയമായിട്ടും അത് സ്വീകരിക്കാത്തവർ ഒട്ടേറെയുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

Related News