'അമർ ജവാൻ ജ്യോതി' ഇനി ഓർമ, ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു, ചരിത്രം തിരുത്തുന്നുവെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ്

  • 21/01/2022

ദില്ലി: ധീരസൈനികരുടെ ഓർമകൾ ഏത് കാലാവസ്ഥയിലും, ഏത് നേരത്തും ജ്വലിച്ചുനിന്നിരുന്ന രാജ്യതലസ്ഥാനത്തെ കെടാവിളക്ക് - അമർ ജവാൻ ജ്യോതി - ഇനി ഓർമ. ഇവിടത്തെ ജ്യോതി തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. ഇന്ത്യഗേറ്റിലെ അമർജവാൻ ജ്യോതി അണക്കുന്നതല്ല എന്നാണ് കേന്ദ്രസർക്കാർ ഇതേക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ചത്. ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയുമായി ലയിപ്പിക്കുന്നതിനെ ചിലർ രാഷ്ട്രീയവത്ക്കരിക്കുന്നു എന്നും കേന്ദ്രം ആരോപിച്ചു. 

വൈകിട്ട് മൂന്നര മണിയോടെ തുടങ്ങിയ ചടങ്ങിൽ അമർ ജവാൻ ജ്യോതിയിൽ നിന്ന് ടോർച്ച് ലൈറ്റിലേക്ക് അഗ്‌നി പകർന്നു. അവിടെ നിന്ന് യുദ്ധസ്മാരകത്തിലേക്ക് മാർച്ചായി ഈ ടോർച്ച് ലൈറ്റ് കൊണ്ടുവന്നു. ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ ജ്വാല ദേശീയയുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. അങ്ങനെ, അമർ ജവാൻ ജ്യോതിയെന്ന അഭിമാനസ്തംഭത്തിലെ തീ പൂർണമായും അണഞ്ഞു. അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. 

അതേസമയം, ചരിത്രം തിരുത്തിയെഴുതാനാണ് എൻഡിഎ സർക്കാരിൻറെ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അമർ ജവാൻ ജ്യോതി ഉണ്ടായിരുന്നയിടത്ത് എത്തി വീണ്ടും ജ്യോതി തെളിയിക്കുമെന്നാണ് രാഹുൽ ഗാന്ധി എംപി രാവിലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 

Related News