കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ നീക്കി; തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ഡൗൺ

  • 21/01/2022

ബെംഗളൂരു/ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ എടുത്തുകളഞ്ഞു. അതേസമയം രാത്രി പത്ത് മുതൽ രാവിലെ അഞ്ചു മണി വരെയുള്ള നിയന്ത്രണങ്ങൾ തുടരും. കേസുകൾ വർധിക്കുന്നുണ്ടെങ്കിലും അതിനനുസൃതമായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവില്ലെന്ന് കർണാടക സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു കർണാടകത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് എടുത്തുകളഞ്ഞിരിക്കുന്നത്. വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.  നിലവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്  അഞ്ച് ശതമാനത്തിനടുത്ത് മാത്രമാണ്. ഇത് വർധിച്ചാൽ വീണ്ടും വാരാന്ത്യ കർഫ്യൂ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ തമിഴ്നാട്ടിൽ അടുത്ത ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ബസ്, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന ടാക്സികൾക്കും ഓട്ടോകൾക്കും സർവീസ് നടത്താൻ അനുമതിയുണ്ട്.

Related News