കയ്യില്‍ ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍, കാരണം കേട്ട് അമ്പരന്ന് ആളുകള്‍

  • 21/01/2022

അമരാവതി: ആന്ധ്രാപ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊലപ്പെടുത്തി, വെട്ടിയ തലയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വ്യാഴാഴ്ച ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം ഉണ്ടായത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയായ ഭാര്യ വസുന്ധരയെ (50) പോലീസ് അറസ്റ്റ് ചെയ്തു. 

വസുന്ധര കീഴടങ്ങിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബ വീട്ടില്‍ നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസിന്‍റെ നിഗമനം. 20 വയസുള്ള മകനോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. 

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നും ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തിയെടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related News