കൊവിഡ് വ്യാപനം: റാലികളും റോഡ് ഷോയും വേണോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം ഇന്ന്

  • 21/01/2022

ദില്ലി: കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുള്ള നിയന്ത്രണം തുടരണോ എന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനം എടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഇന്ന് നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. 

അതേ സമയം സ്ഥാനാർത്ഥിപ്രഖ്യാപനങ്ങളും പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് പോകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് യുപിയിലെ കെയ്രാനയിൽ വീടുകയറി പ്രചാരണം നടത്തും. ഷാമിലിലും ഭാഗ്പത്തിലും പാർട്ടി പ്രവർത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഇന്നലെ യുപിയിലെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. 

അതേ സമയം, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. ഉത്തരാഖണ്ഡിലെ സമ്പൂർണ്ണ പട്ടികയും പഞ്ചാബിലെ രണ്ടാം ഘട്ട പട്ടികയുമാണ് പ്രഖ്യാപിക്കാനുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത്. എഴുപത് സീറ്റിൽ മൂന്നെണ്ണത്തിൽ ഒഴികെ ധാരണയായെന്നാണ് വിവരം. അതെ സമയം സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ പ്രതിഷേധം ഉയർത്തിയ നേതാക്കളെ അനുനയ്പ്പിക്കാൻ ഉത്തരാഖണ്ഡിലെ ബിജെപി നേതൃത്വം ശ്രമം തുടങ്ങി. 

Related News