ഒമിക്രോൺ സമൂഹ വ്യാപനമായി; വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി

  • 23/01/2022

ദില്ലി: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം.  ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് സൂചന. നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മുംബൈ , ദില്ലി, ചെന്നൈ, കൊൽക്കത്ത എന്നീ നാല് നഗരങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം പരമാവധിയിൽ എത്തി കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമായിരുന്നു മുംബൈ. ഇവിടുത്തെ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പരിശോധിച്ചാൽ കൊവിഡ് വ്യാപനത്തിലെ കുറവ് വ്യക്തമാണ്. ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും സ്ഥിതി സമാനം. ബെംഗളൂരു, പുണെ, അഹ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ കഴിഞ്ഞ ആഴ്ച്ച കൊവിഡ് കണക്ക് കുത്തനെ ഉയർന്ന ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി.

Related News