60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ്: പുതുക്കലിന് 250 ദിനാർ ഫീസ്, തീരുമാനം ഉടൻ

  • 24/01/2022

കുവൈത്ത് സിറ്റി:  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച് മാൻപവർ അതോറിറ്റി പുതിയ കരട് തീരുമാനം തയ്യാറാക്കിയതായി റിപ്പോർട്ട്. എത്രയും വേ​ഗം ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി. പുതിയ തീരുമാനപ്രകാരം  60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 250 ദിനാർ ഫീസ് ആണ് ഏർപ്പെടുത്തുക. ആരോ​ഗ്യ ഇൻഷുറൻസ് കൂടാതെയാണ് ഈ തുക അടയ്ക്കേണ്ടി വരിക.

നീതികാര്യ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ ഉടൻ ചേരുന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ഈ തീരുമാനം അവതരിപ്പിക്കും. മുൻ വ്യവസായ മന്ത്രി അബ്‍ദുള്ള അൽ സൽമാൻ അധ്യക്ഷനായിരുന്ന ഡയറക്ടർ ബോർഡിന്റെ കഴിഞ്ഞ യോ​ഗത്തിൽ ആരോ​ഗ്യ ഇൻഷുറൻസ് കൂടാതെ 500 ​ദിനാർ ഫീസ് ഏർപ്പെടുത്താമെന്നാണ് ധാരണയായത്. പ്രവാസികൾക്ക് ആശ്വാസമായി ഇപ്പോഴത് 250 ദിനാർ ആയി കുറഞ്ഞിട്ടുണ്ട്. ഡയറക്ടർ ബോർഡ് യോ​ഗത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ വോട്ടെടുപ്പും നടക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, 2022 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തെ ‘ദാമൻ’ ഹോസ്പിറ്റൽ പൂർത്തിയാക്കാനും സജ്ജീകരിക്കാനുമുള്ള ശ്രമങ്ങൾ ആശുപത്രിയുടെ ഡയറക്ടർ ബോർഡ് നടത്തുന്നുണ്ടെന്ന് ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി അറിയിച്ചു. ആശുപത്രി പ്രവർത്തനം ആരംഭിച്ചാൽ, 2023 മുതൽ റെസിഡൻസ് പെർമിറ്റ് പുതുക്കേണ്ട സമയത്ത് പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിന്റെ മൂല്യം 130 ദിനാറായി ഉയർത്താൻ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News