വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും അവ്യക്തത തീര്‍ക്കാര്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പാര്‍ലിമെന്‍റ് അംഗങ്ങള്‍

  • 16/05/2020

കുവൈറ്റ് സിറ്റി : സർക്കാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഒപ്പുവച്ച കരാറുകളിലും ഇടപാടുകളിലും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എംപിമാരായ റിയാദ് അൽ അദാസാനി, അബ്ദുല്ല അൽ കന്ദാരി എന്നിവർ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കി. വര്‍ഷാരംഭം മുതല്‍ വാങ്ങിയ പ്രോഡക്ട് ക്വാളിറ്റി ഉറപ്പുവരുത്താനും കരാറുകളില്‍ പറഞ്ഞിരിക്കുന്ന വിലകൾ ന്യായമാണെന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കത്ത് നല്കിയത്. അതിനിടെ രാജ്യത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാണെന്നും അവരുടെ അവ്യക്തത തീര്‍ക്കാര്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും നാസര്‍ അല്‍ ദൌസരി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ വൈകുന്നത് അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന് അല്‍ ദൌസരി മുന്നറിയിപ്പ് നൽകി. ഇപ്പോയത്തെ സാഹചര്യത്തില്‍ കൊറോണ വൈറസ് പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നാണ് ആഗോള സൂചികകള്‍ കാണിക്കുന്നത്. വൈറസുമായി പൊരുത്തപ്പെട്ടും സഹവർത്തിച്ചും മുന്നോട്ട് പോകാനുള്ള വഴികളാണ് ലോക രാജ്യങ്ങള്‍ തേടുന്നത്. ഇക്കാര്യത്തിൽ രാജ്യം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് മുഹമ്മദ് ഹൈഫ് എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കപ്പെടുന്ന ജലീബ് അൽ ഷുയേഖിലേയും ഹസ്സാവിലേയും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പാര്‍ലിമെന്റ് അംഗം ഒമർ അൽ തബ്താബ ആവശ്യപ്പെട്ടു. അതോടപ്പം അന്യായമായി ഫീസ് ആവശ്യപ്പെട്ട നിരവധി സ്വകാര്യ സ്കൂളുകളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽമുഹ്സെൻ അൽ ഹെയ്‌വാലയോട് ആവശ്യപ്പെട്ടതായും പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

Related News