യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി അമിത്ഷാ, ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച

  • 26/01/2022

ദില്ലി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകർ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാൻ അമിത്ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ദില്ലിയിൽ ചർച്ച നടത്തിയ അമിത്ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യർത്ഥിച്ചു. കർഷക സമരത്തോടെ ഇടഞ്ഞു നിൽക്കുന്ന ജാട്ട് സമുദായത്തിൻറെ  അതൃപ്തി ബിജെപിക്ക് ദോഷമാകുമെന്ന് കണ്ടാണ് അമിത് ഷായുടെ നേരിട്ടുള്ള ഇടപെടൽ.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് പതിനഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് നേതാക്കളെ അമിത്ഷാ കണ്ടത്. ദില്ലിയിൽ ബിജെപി എംപി പർവേഷ് വർമ്മയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കർഷക താൽപര്യം പരിഗണിച്ച് തന്നെയാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്ന് അമിത് ഷാ ആവർത്തിച്ചു. 

ബിജെപിക്ക് നൽകി വരുന്ന പിന്തുണ തുടരണമെന്ന് കൂടിക്കാഴ്ചയിൽ അമിത്ഷാ അഭ്യർത്ഥിച്ചു.

Related News