വ്യാജരേഖകളുണ്ടാക്കി മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയത് അഞ്ച് ബെൻസ് കാറുകൾ; യുവാവ് അറസ്റ്റിൽ

  • 26/01/2022

ഗുഡ്ഗാവ്: വ്യാജ രേഖകളുണ്ടാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ നിന്ന് പണം തട്ടി കാറുകൾ വാങ്ങി കൂട്ടിയ യുവാവ് അറസ്റ്റിൽ. 2.18 കോടി രൂപ തട്ടിപ്പ് നടത്തി അഞ്ച് ബെൻസ് കാറുകളാണ് പ്രമോദ് സിങ് മൂന്ന് വർഷംകൊണ്ട് വാങ്ങിക്കൂട്ടിയത്. മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തിന്റെ പരാതിയിൽ 2018ൽ യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് അനുസരിച്ച്, ഒരു മേഴ്സിഡസ് ബെൻസ് കാർ വാങ്ങുന്നതിനായി പ്രമോദ് സിങ് 27.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ആദ്യത്തെ ചില മാസങ്ങളിൽ തിരിച്ചടവ് കൃത്യമായി നടത്തി സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയ പ്രമോദ് പിന്നീട് തിരിച്ചടവ് മുടക്കി. ഇതിനിടെ നാല് വായ്പകൾ കൂടി പ്രമോദ് സ്ഥാപനത്തിൽ നിന്ന് തരപ്പെടുത്തി. ആകെ മൊത്തം 2.18 കോടി രൂപയാണ് വായ്പയായി എടുത്തത്. 

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവിൽ പോകുകയും ചെയ്തു. വായ്പ എടുത്ത പ്രമോദ് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വണ്ടികളുടെ ആർസി ബുക്കിൽ നിന്ന് ലോൺ സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക സ്ഥാപനത്തിന്റെ പേരും നീക്കം ചെയ്തിരുന്നു. വായ്പ അടച്ച് തീരുന്നത് വരെ വാഹനം കൈമാറ്റം ചെയ്യാനോ വിൽക്കാതിരിക്കാനോ രേഖപ്പെടുത്തുന്നതാണ് സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ പേരെന്നിരിക്കെയാണ് ഈ തട്ടിപ്പ് നടത്തിയത്.

ബിസിനസുകാരനായ പ്രമോദിന്റെ ചില സംരംഭങ്ങൾ തകരുകയും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് കരകയറാനാണ് വാഹന രേഖകളിൽ തട്ടിപ്പ് കാണിച്ച് സാമ്പത്തിക ഇടപാട് സ്ഥാപനത്തൈ ഇയാൾ കബളിപ്പിച്ച് കോടികൾ സ്വന്തമാക്കിയത്.

Related News