ഒമിക്രോൺ; അഞ്ച് സംസ്ഥാനങ്ങളുടെ അവലോകനയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

  • 29/01/2022

ന്യൂഡൽഹി: ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ, എടുക്കേണ്ട നടപടികൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം.

വെള്ളിയാഴ്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും മാണ്ഡവ്യ ഉന്നതതല യോഗം നടത്തിയിരുന്നു. യോഗത്തിൽ ഇ-സഞ്ജീവനി, ടെലികൺസൾട്ടേഷൻ, മോണിറ്ററിംഗ് ഹോം ഐസൊലേഷൻ, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ആർടിപിസിആർ വർധിപ്പിക്കൽ എന്നിവയെക്കുറിച്ച് മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറയുകയും ചെയ്തു.

കെ സുധാകർ (കർണാടക), ഡോ.വീണ ജോർജ് (കേരളം), എം.സുബ്രഹ്മണ്യം (തമിഴ്നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവരാണ് ഇന്നലെ നടന്ന ഉന്നതതല അവലോകന യോഗത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രിമാർ.

15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നൽകേണ്ടവരുടെയും വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ഹോം ക്വാറന്റീൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു.

Related News