സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

  • 30/01/2022

കുവൈത്ത് സിറ്റി : വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധമായ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ്‌ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിവിധ സംരഭങ്ങളില്‍ അവസരമുണ്ടെന്ന വ്യാജേന നിരവധി പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സ്ഥാപനങ്ങളിലോ  സംരഭങ്ങളിലോ പണം  നിക്ഷേപം നടത്തുമ്പോള്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസുകളും നിയമപരമായ നിലയും പരിശോധിക്കണമെന്നും വ്യാജന്മാരെ കരുതിയിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

കരാറിൽ ഒപ്പിടുന്നതിന് മുമ്പായി കക്ഷികളുടെ വിശ്വാസ്യത ഉറപ്പിക്കണമെന്നും അഭിഭാഷകനെ സമീപിച്ച്  നിയപരമായ അഭിപ്രായം തേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ പരസ്യം കണ്ട് വെബ്സൈറ്റിൽ പേരു വിവരവും ഫോൺ നമ്പറും നൽകി നിരവധി പേരെയാണ് കബളിപ്പിക്കുന്നത്. ഇത്തരം സൈറ്റുകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു.

Related News