കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളർ കടന്നു

  • 30/01/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി എണ്ണ വില. രാജ്യാന്തര തലത്തില്‍ ഒരു ബാരലിന്  90 ഡോളറായാണ് എണ്ണ വ്യാപാരം നടക്കുന്നത്. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും മികച്ച വിലയാണ്  കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. റഷ്യയുടെ അധിനിവേശവും ഗള്‍ഫ്‌ മേഖലയിലെ സംഘര്‍ഷവും  ഉക്രേനിയൻ അതിർത്തിയിലെ പിരിമുറുക്കം മൂലം വരും ദിവസങ്ങളിലും ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ബ്രെന്‍റ് ക്രൂഡ് വില 55 ഡോളർ ആയിരുന്നു. 

ഒറ്റ വർഷത്തിൽ 35 ഡോളർ വർധനയാണ്  ഉണ്ടായത് . കോവിഡില്‍നിന്നുള്ള ലോകത്തിന്റെ തിരിച്ചുവരവ് ഊര്‍ജിതമാകുന്ന സാഹചര്യത്തില്‍ അസംസ്‌കൃത ഇന്ധന വില എനിയും ഉയരാനാണ് സാധ്യതയെന്നും   ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും പെട്രോളിന്‍റെ വില വര്‍ദ്ധിക്കാന്‍ കാരണമായതായി  എണ്ണ നിരീക്ഷകൻ ഡോ. ഖാലിദ് ബൂദായി വ്യക്തമാക്കി.അടുത്തിടെ നടന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ  യോഗത്തില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ക്രൂഡ് ഓയില്‍ വിതരണത്തില്‍ ദിവസം 400,000 ബാരല്‍ വീതം  വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് എണ്ണ രാജ്യങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബൂദായി പറഞ്ഞു. കുവൈത്തില്‍ ശരാശരി 2.742 മില്യൺ ബാരൽ  ആണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. എണ്ണ വില കുതിച്ചുചാടുന്നത് കുവൈത്തിന് സാമ്പത്തികമായി ഏറെ സഹായകരമാകും. 

ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിനിടെ ആഗോള ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധന. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിട്ടും വിതരണം പതുക്കെ വര്‍ധിപ്പിക്കുന്ന സമീപനമാണ് കുവൈത്ത് അടക്കമുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തുടരുന്നത്. പുതിയ സാഹചര്യത്തില്‍ എണ്ണവില റെക്കോര്‍ഡുകള്‍ ദേഭിച്ച്‌ മുന്നേറുമെന്നാണ് സൂചന.ഒമിക്രോണിനെക്കുറിച്ചുള്ള ഭയം കുറയുന്നതിനിടയിലെ സാമ്പത്തിക പുനരുജ്ജീവനവും ആഗോള ഇന്ധനവില ഉയർത്തുന്നതിൽ അതിന്‍റെ പങ്ക് വഹിച്ചു. ഏഴു വർഷത്തിനിടെ ആദ്യമായാണ്   ബാരലിന് 90 ഡോളർ കടക്കുന്നത്. കല്‍ക്കരി  പ്രധാന ഊർജ സ്രോതസ്സായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ പരിസര മലനീകരണത്തെ തുടര്‍ന്ന് ഉൽപ്പാദനം കുറച്ചതും എണ്ണയുടെ ഉപയോഗം ആഗോള തലത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  

Related News