ഭർത്താവിന് സംശയം; വിശ്വാസ്യത തെളിയിക്കാൻ മകളെ ജീവനോടെ കത്തിച്ച് യുവതി, ദാരുണാന്ത്യം

  • 01/02/2022

ചെന്നൈ: പത്തുവയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. തമിഴ്നാട് തിരുവട്ടിയൂർ സ്വദേശി ജയലക്ഷ്മി (35), ഭർത്താവ് പദ്മനാഭൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 

ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള മകൾ പവിത്രയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയത്. 75 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. തുടർന്നാണ് ജയലക്ഷ്മിയെയും ഭർത്താവിനെയും പോലീസ് പിടികൂടിയത്. 

തിരുവട്ടിയൂർ സ്വദേശിയായ ജയലക്ഷ്മി 19-ാം വയസ്സിൽ പാൽവണ്ണൻ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള ഒരു മകൾ നിലവിൽ നഴ്സിങ് വിദ്യാർഥിനിയാണ്. പിന്നീട് പാൽവണ്ണനുമായി വേർപിരിഞ്ഞ ജയലക്ഷ്മി ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിഞ്ഞു. ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു. ദുരൈരാജുമായുള്ള ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാൽ ഈ വിവാഹബന്ധവും അധികനാൾ നീണ്ടുനിന്നില്ല. ദുരൈരാജിനെ ഉപേക്ഷിച്ച് ജയലക്ഷ്മി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തുടർന്നാണ് ടാങ്കർ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. 

മദ്യപിച്ചെത്തുന്ന പദ്മനാഭൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ സംശയിച്ചിരുന്ന ഇയാൾ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും ഇതേകാര്യത്തെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് വിശ്വാസ്യത തെളിയിക്കാൻ പദ്മനാഭൻ ഭാര്യയെ വെല്ലുവിളിച്ചത്. 

മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കണമെന്നായിരുന്നു പദ്മനാഭന്റെ ആവശ്യം. ഭാര്യ നിരപരാധിയാണെങ്കിൽ മകൾക്ക് പൊള്ളലേൽക്കില്ലെന്നും ഇയാൾ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി, മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഓടിയെത്തിയ അയൽക്കാർ തീയണച്ച് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ 75 ശതമാനത്തോളം പൊള്ളലേറ്റ പവിത്ര തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Related News