വാക്സിനേഷന്‍ വേഗത്തിലാക്കുവാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്

  • 02/02/2022

കുവൈത്ത് സിറ്റി : പ്രതിരോധ കുത്തിവയ്പ്പുകളും പിസിആർ പരിശോധനകളും വേഗത്തിലാക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്  വ്യക്തമാക്കി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.മൂന്നാം തരംഗം ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ പ്രതിദിന കേസുകളുടെ എണ്ണത്തിന്  ആനുപാതികമായ വർധനവ് ഉണ്ടാകാത്തത് ആശ്വാസമാണെങ്കിലും കടുത്ത ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നതിനാൽ വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കിയതായും വാക്സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും  അദ്ദേഹം അഭ്യർഥിച്ചു. പ്രായമായവർ നിത്യരോഗികൾ, പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ എന്നിവരാണ് ചികിത്സ തേടി എത്തിയവരിൽ ഏറെയും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിലും ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം കുറവാണ്.

രാജ്യത്തെ വിവിധ ആശുപത്രികളിലെ മെഡിക്കൽ  വാര്‍ഡുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആവശ്യത്തിന്  മെഡിക്കൽ സ്റ്റാഫുകള്‍ ഇപ്പോള്‍ ഉണ്ടെന്നും  ഐസിയു യൂണിറ്റുകളിലെ ബെഡ് കപ്പാസിറ്റി 260 ശതമാനമായി വര്‍ദ്ധിച്ചതായും  ഡോ. അൽ സയീദ് പറഞ്ഞു.  പകർച്ചവ്യാധിക്ക് മുമ്പ് വലിയ തോതില്‍ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവന്‍ നഷ്ടപ്പെട്ടതിനാല്‍ ആരോഗ്യ ജീവനക്കാര്‍ക്കിടയില്‍ വാക്സിനേഷൻ നല്‍കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പിന്‍റെ നേത്രുത്വത്തില്‍ മറ്റ് വകുപ്പുകളുടെ സഹായത്തോടെ മികച്ച രീതിയിലാണ് മഹാമാരിയെ നേരിട്ടതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ആരോഗ്യ സംവിധാനം ലഭ്യമാക്കാൻ സർക്കാർ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related News