നന്ദിപ്രമേയത്തിൽ ഇന്നും ചർച്ച; പ്രധാനമന്ത്രിയുടെ പ്രതികരണം തിങ്കളാഴ്ച

  • 03/02/2022

ദില്ലി: പാർലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും. ബുധനാഴ്ച തുടങ്ങിയ ചർച്ചയ്ക്ക് പ്രധാനമന്ത്രി തിങ്കളാഴ്ച മറുപടി നൽകും. തമിഴ്‌നാട്ടിൽ നീറ്റ് ഒഴിവാക്കാൻ കൊണ്ടു വന്ന ബിൽ ഗവർണ്ണർ മടക്കിയ വിഷയം ഡിഎംകെ അംഗങ്ങൾ ഇരു സഭകളിലും ഉന്നയിക്കും. ഇന്നലെ ഡിഎംകെ എംപിമാർ നടുത്തളത്തിൽ ഇറങ്ങി ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു. 

അതേസമയം, കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമർശത്തിനെതിരെ ബിജെപി കടുത്ത പ്രതികരണമാണ് നടത്തുന്നത്. സഭയെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുലിനെതിരെ ബിജെപി  അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. 

ബിജെപി എംപി നിഷികാന്ത് ദുബൈയാണ് അവകാശലംഘന നോട്ടീസ് നൽകിയത്. രാഹുൽ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവഹേളിച്ചുവെന്നും നോട്ടീസിൽ ആരോപിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

Related News