ലാൽ കെയെഴ്സ് നിർമ്മിച്ച വീടിൻറെ താക്കോൽദാനം മോഹൻലാൽ നിർവഹിച്ചു

  • 07/02/2022


കൊല്ലം / കുവൈറ്റ് സിറ്റി : ലാൽ കെയെഴ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച്‌ നൽകിയ "ശാന്തിഭവനം" ത്തിന്റെ താക്കോൽദാനം മോഹൻലാൽ  നിർവഹിച്ചു. കൊല്ലം  വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസിനും കുടുംബത്തിനും ആണ്  ലാൽ കെയെഴ്സ് വീട് നിർമ്മിച്ച് നൽകിയത്.

വിശ്വശാന്തി ഫൗണ്ടേഷൻ വേദിയിൽ വച്ചാണ് മോഹൻലാൽ താക്കോൽദാനം നിർവഹിച്ചത്. വീട് നിർമ്മിക്കുവാൻ മുൻകൈയെടുത്ത കുവൈറ്റ് ലാൽ കെയെഴ്സ് ഭാരവാഹികളെ പ്രസ്തുത വേദിയിലും ഫേസ്ബുക്ക് പോസ്റ്റിലും അദ്ദേഹം അഭിനന്ദിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന ഒട്ടേറെപ്പേർക്ക് തുടർന്നും സഹായം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രസ്തുതവേദിയിൽ ആന്റണി പെരുമ്പാവൂർ,വിശ്വശാന്തി ഡയറക്റ്റർ ബോർഡ്‌ മെമ്പർ സജീവ്‌ സോമൻ, സ്മിതാനായർ,ലാൽ കെയെഴ്സ് കുവൈറ്റ്‌ പ്രതിനിധികളായ രാജശേഖരൻ നായർ, ജോർളി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞവർഷം മാർച്ച് നാലിന് ആയിരുന്നു  എൻ കെ പ്രേമചന്ദ്രൻ എംപി 'ശാന്തിഭവനത്തി'ൻറെ ശിലാസ്ഥാപനം നിർവഹിച്ചത്. നേരത്തെ അടച്ചുറപ്പില്ലാത്ത  കൂരയിൽ ഓൺലൈൻ പഠനത്തിനായി  താല്ക്കാലിക വൈദ്യുതി കണക്ഷനിൽ  മൊബൈൽ ചാർജ് ചെയ്തപ്പോൾ ഷോക്കേറ്റ് ജോസ് അനിതാ ദമ്പതികളുടെ മകൾ അജ്ന മരിച്ചിരുന്നു. ഈ ദുരന്ത വാർത്ത ശ്രദ്ധയിൽപ്പെട്ട ലാൽ കെയെഴ്സ് ഭാരവാഹികളാണ് 'ശാന്തി ഭവനം' നിർമ്മിച്ച് നൽകുവാൻ തീരുമാനം എടുത്തത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടന ലാൽ കെയെഴ്സ് കുവൈറ്റ് ഘടകം ഒട്ടനവധി സന്നദ്ധ സേവനങ്ങൾ നടത്തി മാതൃകാ പ്രവർത്തനം കാഴ്ചവെക്കുന്നു.

Related News